സെമിയില്‍ വീണു, മേരിക്ക് വെങ്കലം മാത്രം
ലണ്ടന്‍: ഇന്ത്യന്‍ വനിതാ ബോക്സിങ് താരം മേരി കോമിനു ലോക രണ്ടാം നമ്പറായ ബ്രിട്ടിഷ് താരം നിക്കോള ആഡംസിനോടു സെമിയില്‍ പരാജയപ്പെട്ടതോടെ വെങ്കലം കൊണ്ടു തൃപ്തയാകേണ്ടി വന്നു.
51 കിലോഗ്രാം വിഭാഗത്തില്‍ 6– 11 എന്ന സ്കോറിനാണു മേരി കോം പരാജയപ്പെട്ടത്. തന്നേക്കാള്‍ ഉയരമുള്ള നിക്കോളയ്ക്കെതിരേ ആദ്യ രണ്ടു റൗണ്ടിലും പ്രതിരോധത്തിനാണു മേരികോം ശ്രദ്ധയൂന്നിയത്.
റിങ്ങില്‍ കറങ്ങി നടന്നു പഞ്ചുകള്‍ നല്‍കുന്ന നിക്കോളയുടെ രീതിയെ പ്രതിരോധിക്കുന്നതില്‍ പക്ഷേ മേരികോമിനു വിജയിക്കാനായില്ല.
ചെറിയ നീക്കങ്ങള്‍ മാത്രമാണ് മേരി നടത്തിയത്. രണ്ടാം റൗണ്ടില്‍ കൂറ്റന്‍ ഇടികള്‍ നടത്തി. എന്നാല്‍ എതിരാളിയുടെ ഉയരവും ഭാരവും മേരിയെ പലപ്പോഴും ബുദ്ധിമുട്ടിച്ചു. മൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ മേരി 4_-8 നു പിറകിലായിരുന്നു.
പച്ചക്കറികളും പഴങ്ങളും വിളയുന്ന മനോഹരമായ മണിപ്പൂര്‍ താഴ്വരയിലെ സ്ത്രീകള്‍ പ്രതികൂലസാഹചര്യങ്ങളോട് മല്ലടിച്ച് ജയിച്ചവരാണ്. അതുകൊണ്ടുതന്നെയാണ് ആഭ്യന്തരകലാപങ്ങളും സാമ്പത്തിക ഉപരോധങ്ങളും ദരിദ്രമാക്കിയ നാട്ടില്‍ ജീവിച്ചിട്ടും വിഘടനവാദികള്‍ ഭര്‍ത്താവിന്റെ അച്ഛനെ കൊലപ്പെടുത്തിയിട്ടും ബോക്‌സിങ് റിങ് വിടാന്‍ മേരികോം തയാറാകാതിരുന്നത്.
കാന്‍ഗതേയി എന്ന ചേറിയ ഗ്രാമത്തില്‍ ദാരിദ്ര്യത്തിലാണ് മേരിയും ജനിച്ചതും വളര്‍ന്നതും. ദാരിദ്ര്യമാണ് തന്നെ കായികരംഗത്ത് തുടരാന്‍ പ്രേരിപ്പിച്ചതെന്ന് മേരി പറയുന്നു. പുരുഷന്‍മാരുടെ കായിക ഇനമായ ബോക്‌സിങ്ങിലേയ്ക്ക് തിരിഞ്ഞ മേരിക്ക് ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.
പുറമേ വിഘടനവാദികളില്‍ നിന്നുള്ള ഭീഷണിയും. എന്നാല്‍ ഭര്‍ത്താവ് ഓണ്‍ലര്‍ കോം മേരിക്കുപിന്നില്‍ ഉറച്ചുനിന്നു. ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സമ്മാനമായി മേരി കരുതുന്ന ഇരട്ടക്കുട്ടികളും. തന്റെ ഒളിംപിക് മെഡല്‍ മണിപ്പൂര്‍ നേരിടുന്ന അവഗണനക്കുള്ള മറുപടിയായി മേരി കരുതുന്നു.
മണിപ്പൂരിന് പുറത്ത് പരിശീലനം ചെയ്യുമ്പോഴും കുഞ്ഞുമക്കളുടെയും ഭര്‍ത്താവിന്റെയും സുരക്ഷയാണ് തന്നെ അലട്ടുന്നതെന്ന് മേരി പറഞ്ഞിട്ടുണ്ട്.
ആദ്യമായി ഉള്‍പ്പെടുത്തിയ വനിത ബോക്സിങ്ങില്‍ ടുണീഷ്യയുടെ മറൗവ രഹാലിയെ 15-6 തകര്‍ത്താണ് മേരി സെമിയിലിടംപിടിച്ചത്. പ്രി ക്വാര്‍ട്ടറില്‍ പോളണ്ടുകാരി കരോളിന മിച്ചല്‍സുക്കിനെതകര്‍ത്താണ് മേരി ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
വനിതാ ബോക്സിങ്ങില്‍ ഇന്ത്യയുടെ ഏക പ്രതിനിധിയായ മേരിക്ക് ക്വാര്‍ട്ടറില്‍ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. അഞ്ചുതവണ ലോകചാമ്പ്യനായ മേരിക്ക് ഒളിമ്പിക്സിലെ ആദ്യ രണ്ട് പോരാട്ടവും കടുപ്പംനിറഞ്ഞതായിരുന്നു.
46, 48 കിലോ വിഭാഗങ്ങളില്‍ ലോകചാമ്പ്യനായ ഈ ഇരുപത്തൊമ്പതുകാരിക്ക് ലണ്ടനില്‍ 51 കിലോഗ്രാമിലേക്കു മാറേണ്ടിവന്നത് ബാധിച്ചു.