കാസര്‍കോട്ട് ഡിവൈഎഫ്‌ഐ നേതാവിനെ ചവിട്ടിക്കൊന്നു
നാളെ ഡിവൈഎഫ്‌ഐ കരിദിനം ആചരിക്കുന്നു കൊലപാതകത്തിനു പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് സൂചനസ്വന്തം ലേഖകന്‍
കാസര്‍കോട്: സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമത്തിനിടെ ഉദുമയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ ചവിട്ടിക്കൊന്നു. അമ്പങ്ങാട് കക്കാനം യൂണിറ്റ് പ്രസിഡന്റ് മനോജ് (24) ആണ് കൊല്ലപ്പെട്ടത്.
മനോജിന്റെ കൊലപാതകം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്നും സംഘടനാ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ ടി.വി. രാജേഷ് പറഞ്ഞു.
കൊലപാതകത്തിനു പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് സൂചന.
രാവിലെ ഇതുവഴി വന്ന വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിരുന്നു. കൂട്ടത്തില്‍ ചില ലീഗ് പ്രവര്‍ത്തകരുടെ വാഹനങ്ങളും തടഞ്ഞു. ലീഗുകാര്‍ പിന്നീട് കൂട്ടമായി എത്തി മനോജിനെയും കൂട്ടരെയും മര്‍ദ്ദിച്ചു.
സിപിഎം തച്ചങ്ങാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി എം. കരുണാകരനും എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ശിവപ്രസാദിനും പരിക്കേറ്റിട്ടുണ്ട്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ മനോജിനെ കാസര്‍ഗോഡ് ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 12 മണിയോടെയായിരുന്നു സംഭവം. രണ്ട് മണിയോടെയാണ് മനോജ് മരിക്കുന്നത്. നെഞ്ചിന് ശക്തമായ ചവിട്ടേറ്റതാണ് മരണകാരണമായത്.