കോതമംഗലം സമരം: അക്രമത്തിനു പിന്നില്‍ തീവ്രവാദികള്‍ ?
കൊച്ചി: മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമര വേളയില്‍ കോതമംഗലം പട്ടണത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കു പിന്നില്‍ തീവ്രവാദി ഗ്രൂപ്പുകളെന്നു സൂചന.സമരക്കാര്‍ക്ക് തീവ്രവാദികളുമായി ഒരു ബന്ധവുമില്ല. സമരത്തിന്റെ ചൂടില്‍ കോതമംഗലം പട്ടണം തിളച്ചുമറിഞ്ഞപ്പോള്‍ അവസരം നോക്കി കടന്നുകൂടിയ അക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം തച്ചുതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ട്രാഫിക് നിയന്ത്രണ സംവിധാനങ്ങള്‍, വ്യാപാര സ്ഥാപനങ്ങളുടെ പുറമേയുള്ള ബോര്‍ഡുകള്‍ തുടങ്ങി പലതും അക്രമികള്‍ തകര്‍ത്തു. നിരവധി ട്രാന്‍സ്‌പോര്‍ട്ട് ബസ്‌സുകള്‍ തകര്‍ത്തു. നഗരത്തില്‍ പലേടത്തായി ഇരുനൂറോളം ഇരുചക്ര വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. തീ കൂട്ടി പലേടത്തും റോഡ് നശിപ്പിക്കുയും ചെയ്തു.
കോതമംഗലത്തുകാര്‍ക്ക് ഒരു പരിചയവുമില്ലാത്ത നൂറുകണക്കിനു പേര്‍ സമരവേളയില്‍ നഗരത്തില്‍ എത്തിയിരുന്നു. ഇവര്‍ എവിടെനിന്നു വന്നെന്നോ, ആരെന്നോ ആര്‍ക്കുമറിയില്ല. ഇത്തരക്കാരായിരുന്നു സമരത്തിന്റെ മറവില്‍ ആക്രമണം നടത്തിയത്. രാത്രിയിലായിരുന്നു അക്രമം ഏറെയും. മുഖംമൂടി ധരിച്ച് പൊലീസിനെ കല്ലെറിയുക വരെ ചെയ്തു അക്രമികള്‍.
ഇതൊരു മുന്നറിയിപ്പായാണ് പൊലീസ് കാണുന്നത്. ഭാവിയില്‍ ഇത്തരം സമരങ്ങളുടെ മറപറ്റി അക്രമികള്‍ അഴിഞ്ഞാടാന്‍ പൊലീസ് സാധ്യത കാണുന്നുമുണ്ട്.