കൂടംകുളം സമരക്കാര്‍ പ്‌ളാന്റിനരികെ: വന്‍ സുരക്ഷാ വീഴ്ച
സംഘര്‍ഷം ശമനമില്ലാതെ തുടുരന്നു
തിരുനല്‍വേലി: നിരോധനാജ്ഞ ലംഘിച്ച് കൂടംകുളം ആണവ നിലയത്തിലേക്കു മാര്‍ച്ച് നടത്തിയവരെ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് കൂടംകുളത്തും പരിസരത്തും ഇന്നലെ തുടങ്ങിയ സംഘര്‍ഷാവസ്ഥ ശമനമില്ലാതെ തുടരുന്നു.
കൂടംകുളത്തെ റിയാക്ടറുകളില്‍ ഇന്ധനം നിറയ്ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ അയ്യായിരത്തോളം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
മാര്‍ച്ച് തടയാന്‍ സര്‍ക്കാര്‍ വിപുലമായ സമന്നാഹങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും അതെല്ലാം അതിജീവിച്ച് സമരക്കാര്‍ പ്‌ളാന്റിനടത്ത് എത്തിയത് സുരക്ഷാ സൈനികരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്റലിജന്‍സിന്റെ ഈ വീഴ്ചയെ കേന്ദ്ര സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
സമരസമിതി കണ്‍വീനര്‍ എസ്.പി. ഉദയകുമാറിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ആണവ നിലയത്തിന് അര കിലോമീറ്റര്‍ അകലെവച്ച് പൊലീസും ദ്രുതകര്‍മസേനയും ചേര്‍ന്നു മാര്‍ച്ച് തടഞ്ഞു. രണ്ടായിരത്തോളം പൊലീസുകാരെയാണു സംഘര്‍ഷം കണക്കിലെടുത്തു കൂടംകുളത്തു വിന്യസിച്ചത്.
ജില്‌ളാ കലക്ടര്‍ ആര്‍. സെല്‍വരാജും സബ് കലക്ടര്‍ രോഹിണി രാംദാസും മുന്‍കൈയെടുത്തു സമരക്കാരുമായി ചര്‍ച്ച നടത്തി. എന്നാല്‍ പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച ജനം വഴിയില്‍ കുത്തിയിരുന്നു.
രണ്ടു റിയാക്ടറുകളില്‍ യുറേനിയം നിറയ്ക്കാന്‍ കഴിഞ്ഞ ദിവസം ആണവ റെഗുലേറ്ററി അഥോറിട്ടി അനുവാദം നല്‍കിയിരുന്നു. ഇതാണു സമരക്കാരെ പ്രകോപിപ്പിച്ചത്. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ കൂടംകുളം പ്‌ളാന്റിന്റെ ആദ്യഘട്ടം ഡിസംബറില്‍ കമ്മിഷന്‍ ചെയ്യാനാണു സര്‍ക്കാര്‍ പദ്ധതി.
എന്നാല്‍, കൂടംകുളം പ്‌ളാന്റ് തുറക്കുന്നത് വന്‍ സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നാണ് പരിസരവാസികളുടെ ഭയം. മാത്രമല്ല, തങ്ങളുടെ ജീവിതോപാധിയായ മത്സ്യബന്ധനം ഇല്ലാതാക്കാന്‍ ഇതു കാരണമാകുമെന്നും സമരക്കാര്‍ക്കിടയില്‍ പ്രചാരണമുണ്ട്. അത്യാവശ്യം ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ സമരത്തെ അടിച്ചൊതുക്കുന്നത്.